SEARCH


Manichi Theyyam - മാണിച്ചി തെയ്യം

Manichi Theyyam - മാണിച്ചി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Manichi Theyyam - മാണിച്ചി തെയ്യം

ഇളംകുറ്റി സ്വരൂപത്തിൽ കെട്ടിയാടിക്കുന്ന അത്യപൂർവമായ രണ്ട് തെയ്യക്കോലങ്ങളാണ് ബംബേരിയൻ തെയ്യവും മാണിച്ചി തെയ്യവും. രുപത്തിലും കലാശങ്ങളിലും വളരെ വ്യത്യസ്തത പുലർത്തുന്നു ഈ തെയ്യങ്ങൾ. തെയ്യങ്ങൾക്ക് മതങ്ങൾക്കതീതമായ അസ്തിത്വം ഉണ്ടെന്നു വിളിച്ചു പറയുകയാണ് ബംബ്ബിരിയൻ്റെയും മാണിച്ചിയുടേയും പുരാവൃത്തം. സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് വഞ്ചനയ്ക്കിരയായി മരണപ്പെട്ട് ദൈവക്കരുമായി മാറിയ മനുഷ്യർക്ക് തെയ്യക്കോലം നൽകി ആരാധിച്ചിരുന്നു നമ്മുടെ പൂർവ്വികർ. ഇസ്ലാം മതസ്ഥനായിരുന്ന ബംബേരിയനും ഇപ്രകാരം വഞ്ചനയ്ക്കിരയായി മരണം വരിച്ച് ദൈവക്കരുവായി മാറിയ ഒരു പൂർവികനാണ്. തുളുനാട്ടില്‍ കപ്പലോട്ടക്കാരനായിരുന്ന ഒരു മുസ്ലിം കച്ചവടക്കാരനായിരുന്നു ബംബേരിയന്‍. കടല്‍ യുദ്ധത്തില്‍ ശത്രുക്കളോട് ഏറ്റുമുട്ടി വീരമരണം വരിച്ച് തെയ്യക്കോലമായി മാറിയതാണ് ബംബേരിയന്‍. ബംബേരിയൻ്റെ പത്നിയായിരുന്നു 'മാണിച്ചി'. ഗോത്ര വിഭാഗത്തിൽ പെട്ട മാണിച്ചിയെ ബംബ്ബേരിയൻ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നത്രേ. വിവാഹത്തിനു ശേഷം മാണിച്ചി ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാൽ കപ്പൽ യുദ്ധത്തിൽ എതിരാളികളുടെ വാളിനിരയായി ബംബേരിയൻ മരിച്ചതോടെ മാണിച്ചി വിധവയായി. മരണാനന്തരം മാണിച്ചിയും മോക്ഷം പ്രാപിച്ച് തെയ്യക്കോലമായി മാറിയത്രേ. അപ്രകാരം ബംബ്ബിരിയനെ കെട്ടിയാടിക്കുന്ന ഇടങ്ങളിലൊക്കെ മാണിച്ചിയേയും കെട്ടിയാടിക്കാൻ തുടങ്ങിയെന്നാണ് ഐതിഹ്യം. കോലത്തുനാട്ടിൽ കെട്ടിയാടിക്കുന്ന ആര്യപൂങ്കന്നി ഭഗവതിയുടെ ഐതിഹ്യത്തിൽ പറയുന്ന ബപ്പിരിയൻ തെയ്യവും ഇളംകുറ്റിയിലെ ബംബ്ബിരിയനും ഒന്നാണെന്നും പറയപ്പെടുന്നു. കോലത്തുനാട്ടിലേക്കുള്ള യാത്രയിൽ ആര്യപൂങ്കന്നിയുടെ മരക്കലത്തിൻ്റെ കപ്പിത്താനായിരുന്നു ബപ്പിരിയൻ. ആര്യപൂങ്കന്നിയെ കെട്ടിയാടിക്കുന്ന സ്ഥാനങ്ങളിലൊക്കെ ബപ്പിരിയനേയും കെട്ടിയാടിക്കാറുണ്ട്. എന്നാൽ കോലത്തുനാട്ടിൽ മാണിച്ചിയെ കെട്ടിയാടിക്കാറില്ല. ബപ്പിരിയനും ബംബ്ബിരിയനും മൺമറഞ്ഞു പോയ ആ ധീരയോദ്ധാവിൻ്റെ ജീവിതകഥയിലെ വ്യത്യസ്ത കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണെന്നു കരുതാവുന്നതാണ്‌. ബംബേരിയൻ തെയ്യം പുറപ്പാടിന് ഒറ്റക്കാലിലാണ് അരങ്ങിലേക്കെത്തുന്നത്. ഇതിന് പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്. ദൈവക്കരുവായി മാറിയ ബംബേരിയൻ ഒരിക്കൽ തെക്ക് നിന്നും വടക്കോട്ട് യാത്ര ചെയ്യുകയായിരുന്ന സാക്ഷാൽ വയനാട്ടുകുലവനെ ബേക്കൽ അഴിമുഖത്ത് വച്ച് കണ്ട് മുട്ടിയത്രേ. തന്റെ വലത് കാലെടുത്ത് കുലവന്റ മുന്നിൽ വച്ച് ബംബേരിയൻ കുലവന്റെ യാത്രയ്ക്ക് തടസം നിന്നു. ക്രോധം പൂണ്ട കുലവൻ തന്റെ വില്ലും ശരവും എടുത്ത് ബംബേരിയന്റെ വലത് കാൽ എയ്ത് വീഴ്ത്തി തന്റെ യാത്ര തുടർന്നത്രെ. ഈ ഐതിഹ്യത്തെ അനുസ്മരിക്കുകയാണ് ബംബ്ബേരിയൻ തെയ്യത്തിൻ്റെ ഒറ്റക്കാലിലുള്ള പുറപ്പാടിലൂടെ. പൊയിനാച്ചി കമ്മട്ടത്തറവാട്, കുണ്ടംകുഴി ബെദിരകൊട്ടാരം, കാ­ന­ത്തൂര്‍ നാല്‍­വര്‍ ദേവ­സ്ഥാ­നം, കളിങ്ങോം ഇളംകുറ്റി പെരുമലയൻ തറവാട്, ബേക്കലം അഴിമുഖത്തുള്ള സ്ഥാനം എന്നിവിടങ്ങളിൽ ബംബേരിയനേയും മാണിച്ചിയേയും തെയ്യം കെട്ടിയാടിക്കുന്നു. കോപ്പാളൻ സമുദായത്തിൽപ്പെട്ടവരാണ് ഈ തെയ്യങ്ങൾ കെട്ടിയാടാറുള്ളത് വിവരങ്ങൾക്കും ചിത്രത്തിനും കടപ്പാട്: സുജിത്ത് പി വി ഉദയമംഗലം കോപ്പാളന്മാർ കെട്ടിയാടുന്ന ഈ തെയ്യം പ്രധാനമായും കാസർഗോഡ് ഭാഗങ്ങളിലാണ് കണ്ടുവരുന്നത്





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848